വിനായകൻ മികച്ച നടൻ, രജീഷ വിജയൻ നടി: മാൻഹോൾ മികച്ച ചിത്രം

തിരുവനന്തപുരം: നാൽപ്പത്തിയേഴാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് വിനായകനെ മികച്ച നടനായും അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് രജീഷ വിജയനെ മികച്ച നടിയായും തെരഞ്ഞെടുത്തു. വിധു വിൻസന്‍റ് ഒരുക്കിയ മാൻ ഹോൾ മികച്ച ചിത്രമായി തെരഞ്ഞെടുത്തു. മികച്ച സംവിധായകനുള്ള പുരസ്കാരവും വിധു വിൻസന്‍റ് തന്നെ നേടി. ഒറ്റയാൾ പാതയാണ് മികച്ച രണ്ടാമത്തെ ചിത്രം. സന്തോഷ് ബാബു സേനൻ, സതീഷ് ബാബു സേനൻ എന്നിവർ ചേർന്നാണ് ഈ ചിത്രം ഒരുക്കിയത്. കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രമായി മഹേഷിന്‍റെ പ്രതികാരം തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിൽ ആദ്യമായി നൂറുകോടി കളക്ഷൻ നേടിയ പുലിമുരുകൻ എന്ന ചിത്രത്തിന് അവാർഡ് ഒന്നും ലഭിച്ചിട്ടില്ല. സിനിമ മന്ത്രി എ.കെ.ബാലൻ തിരുവനന്തപുരത്താണ് അവാർഡുകൾ പ്രഖ്യാപിച്ചത്.

കിസ്മത്ത് ഒരുക്കിയ ഷാനവാസ് കെ.ബാവക്കുട്ടിയാണ് മികച്ച നവാഗത സംവിധായകൻ. കമ്മിട്ടിപ്പാടം എന്ന ചിത്രത്തിലെ അഭിനയത്തിന് മണികണ്ഠൻ ആചാരിയെ മികച്ച സ്വഭാവ നടനായും ഒലപ്പീപ്പിയിലെ അഭിനയത്തിന് കാഞ്ചനയെ മികച്ച സ്വഭാവ നടിയായും തെരഞ്ഞെടുത്തു. കാംബോജിയിലെ ഗാനരചന നിർവഹിച്ച ഒ.എൻ.വി.കുറുപ്പാണ് മികച്ച ഗാനരചയിതാവ്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയ എം.ജയചന്ദ്രൻ മികച്ച സംഗീയ സംവിധായകനുമായി

കറുത്ത ജൂതൻ എന്ന ചിത്രത്തിന് കഥയൊരുക്കിയ സലിംകുമാർ മികച്ച കഥാകൃത്തായി തെരഞ്ഞെടുക്കപ്പെട്ടു. കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിലെ മനോഹര ദൃശ്യങ്ങൾ ഒപ്പിയെടുത്ത എം.ജെ.രാധാകൃഷ്ണൻ മികച്ച ഛായാഗ്രാഹകനായി. മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ച ദിലീഷ് പോത്തൻ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.

കോലു മിഠായി മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റെഫി സേവ്യർ മികച്ച വസ്ത്രാലങ്കാരം (ഗപ്പി), എൻ.ജി.റോഷൻ മികച്ച മേക്കപ്പ് (നവൽ എന്ന ജുവൽ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഗപ്പിയിലെ പശ്ചാത്തല സംഗീതം ഒരുക്കിയ വിഷ്ണു വിജയും പുരസ്കാരം നേടി. കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിലെ ശബ്ദമിശ്രണം പ്രമോദ് തോമസിനെയും അവാർഡിന് അർഹനാക്കി. സൂരജ് സന്തോഷ് മികച്ച പിന്നണി ഗായകനുള്ള പുരസ്കാരവും ചിത്ര മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരവും സ്വന്തമാക്കി.

മറ്റ് പുരസ്കാരങ്ങൾ

നൃത്തസംവിധായകൻ വിനീത് (കാംബോജി)

ബാലതാരം (ആണ്‍) ചേതൻ ജയലാൽ (ഗപ്പി)

ബാലതാരം (പെണ്‍) അബനി ആനന്ദ് (കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ)

മികച്ച സിനിമ ഗ്രന്ഥം സിനിമ മുതൽ സിനിമ വരെ (അജു കെ.നാരായണൻ, ഷെറി ജേക്കബ്)

മികച്ച സിനിമ ലേഖനം വെളുത്ത തിരശീലയിലെ കറുത്ത ഉടലുകൾ