യുവാവിനെ വിമാനത്തില്‍ നിന്ന് തള്ളിയിട്ടു;വീണുമരിച്ചത് ആശുപത്രി കെട്ടിടത്തിനു മുകളില്‍

നോര്‍ത്ത് മെക്സിക്കന്‍ നഗരമായ സിനലോയില്‍ പറക്കുന്ന വിമാനത്തില്‍ നിന്ന് യുവാവിനെ തള്ളിയിട്ടു കൊല്ലപ്പെടുത്തി.

മയക്കുമരുന്നിനും കള്ളക്കടത്തിനും കുപ്രസിദ്ധി നേടിയ നഗരത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ പ്രദേശിക സമയം 7.30നാണ് സംഭവം നടന്നത്. ആശുപത്രി കെട്ടിടത്തിനു മുകളിലൂടെ താഴ്ന്ന് പറന്ന വിമാനത്തില്‍ നിന്ന് യുവാവിനെ ഉന്തിയിടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.എല്‍ദോറാഡോയിലെ ഐഎംഎസ്എസ് ആശുപത്രിയുടെ മേല്‍ക്കൂരയില്‍ വന്നുവീണ യുവാവ് തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റാണ് യുവാവ് മരിച്ചതെന്ന് ആശുപത്രിയിലെ ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. സമാനമായ രീതിയില്‍ കുലിയകാന് 60 കിലോമീറ്റര്‍ തെക്ക് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.

മരിച്ച ശേഷമാണോ ജീവനോടെയാണോ യുവാവിനെ തള്ളിയിട്ടതെന്ന് വ്യക്തമല്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടുമില്ല. കാര്‍ഷിക മേഖലയായ ഇവിടെ പുകയ്ക്കലിനും മറ്റും ചെറുവിമാനങ്ങള്‍ ഉപയോഗിക്കുക പതിവാണ്. മയക്കുമരുന്ന് സംഘടനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഇവിടെ പതിവാണ്.