ടെലിപ്പതിയിലൂടെ മനസ്സ് വായിച്ച് ചിന്തകള്‍ ഷെയര്‍ ചെയ്യിക്കാന്‍ ഫെയ്‌സ്ബുക്ക് ഒരുങ്ങുന്നു!

ചിന്തകളിലൂടെ ആശയവിനിമയം സാധ്യമാക്കുന്ന ടെലിപ്പതി യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി ഫെയ്‌സ്ബുക്ക്.

മനുഷ്യരുടെ മനസ്സ് വായിക്കാവുന്ന ഒരു സമ്പര്‍ക്കമുഖം രൂപീകരിക്കുമെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് വെളിപ്പെടുത്തിക്കഴിഞ്ഞു. ഫെയ്‌സ്ബുക്കിന്റെ എഫ്8 കോണ്‍ഫറന്‍സിലായിരുന്നു ചീഫ് എക്‌സിക്യൂട്ടീവിന്റെ വെളിപ്പെടുത്തല്‍.

എഞ്ചിനീയര്‍മാരുടെ ഒരു സംഘം മനുഷ്യന്റെ തലച്ചോറും കംപ്യൂട്ടറും ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ സമ്പര്‍ക്കമുഖത്തിനായുള്ള പണിപ്പുരയിലാണ്. മനസ് മാത്രം ഉപയോഗിച്ചുകൊണ്ട് മസ്തിഷ്കങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുന്ന ഒരു ദിവസത്തിനായാണ് തങ്ങളുടെ ശ്രമമെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തുസോഷ്യല്‍ മീഡിയഭീമന്‍ ടെലിപ്പതിക് സാങ്കേതികവിദ്യയിലേക്ക് കടക്കുകയാണെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് സക്കര്‍ബര്‍ഗിന്റെ വെളിപ്പെടുത്തല്‍. ആന്ത്യന്തികമായ ആശയവിനിമയസാങ്കേതികവിദ്യ ടെലിപ്പതിയാണെന്ന് സക്കര്‍ബര്‍ഗ് പ്രസ്താവിച്ചിരുന്നു.

ജനുവരിയില്‍ ന്യൂറല്‍ ഇമേജിങ്ങിലും ബ്രെയിന്‍ ഇന്റര്‍ഫെയ്‌സിലും പ്രാവീണ്യമുള്ള എഞ്ചിനീയര്‍മാരെ ഫെയ്‌സ്ബുക്ക് റിക്രൂട്ട് ചെയ്തിരുന്നു. എഫ്8 കോണ്‍ഫറന്‍സിനിടെ ഫെയ്‌സ്ബുക്ക് ഓഗ്മെന്റ് റിയാലിറ്റിയും സക്കര്‍ബര്‍ഗ് അവതരിപ്പിച്ചു. സാധാരണപോലെ തോന്നിക്കുന്ന കണ്ണടകളോ അല്ലെങ്കില്‍ കോണ്‍ടാക്ട് ലെന്‍സുകളോ ആണ് ഇതിനായി വേണ്ടതെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.