‘സിനിമക്ക് പോകും പക്ഷേ ഓഫീസില്‍ കയറില്ല’; കെജ്‌രിവാളിനെക്കുറിച്ച് ആരോപണങ്ങളുമായി കപില്‍ മിശ്ര

അരവിന്ദ് കെജ്‌രിവാളിനെതിരെ ആരോപണങ്ങളുമായി വീണ്ടും ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍മന്ത്രി കപില്‍ മിശ്ര.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രണ്ട് തവണ മാത്രമാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ ഓഫീസിലെത്തിയിട്ടുള്ളതെന്നാണ് മിശ്രയുടെ പുതിയ ആരോപണം. സിനിമ കാണാന്‍ പോകുമെങ്കിലും ജോലിക്ക് ഇറങ്ങാന്‍ കെജ്‌രിവാളിന് മടിയാണെന്നാണ് മിശ്രയുടെഅഭിപ്രായം..

“എന്നാണ് കെജ്‌രിവാള്‍ അവസാനമായി ഓഫീസില്‍ പോയത്?, എന്നാണ് സെക്രട്ടറിയേറ്റ് പടികള്‍ കയറിയത്?. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് അറിയില്ലായിരിക്കും അവരുടെ മുഖ്യമന്ത്രി കഴിഞ്ഞ വര്‍ഷം രണ്ട് തവണ മാത്രമാണ് ഓഫീസിലെത്തിയത്’ എന്നും മിശ്ര പറയുന്നു.

അവധിയാഘോഷിക്കുന്നതിലാണ് കെജ്‌രിവാളിന് കൂടുതല്‍ താല്‍പര്യമെന്ന് നേരത്തേയും കപില്‍ മിശ്ര ആരോപിച്ചിരുന്നു. ഏറ്റവും വലിയ അഴിമതിക്കാരനാകാനാണ് ആംആദ്മി അധ്യക്ഷന്റെ പോക്കെന്നും വിമര്‍ശിച്ചിരുന്നു.