ആദ്യ പ്രസവത്തിന് 6000 രൂപ സഹായം നല്‍കുന്ന പദ്ധതിക്ക് നിയമാനുമതി

ആദ്യ പ്രസവത്തിന് 6000 രൂപ സഹായം നല്‍കുന്ന പദ്ധതിക്ക് അനുമതിയായി. പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. തുക യുവതികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ടു നല്‍കുന്നതാണ് പദ്ധതി.

കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രാലയം മുഖേന 5000 രൂപയും മറ്റു സ്ഥാപനങ്ങള്‍ മുഖേന ആയിരം രൂപയുടെ സഹായങ്ങളുമാണു പദ്ധതിയില്‍. മൂന്നു ഗഡുക്കളായാകും 5000 രൂപ വിതരണം ചെയ്യുക. ഗര്‍ഭം റജിസ്റ്റര്‍ ചെയ്യുമ്പോള്‍ 1000 രൂപ, ആറു മാസത്തിനു ശേഷമുള്ള പരിശോധനാ വേളയില്‍ 2000 രൂപ, കുട്ടിയുടെ ജനന റജിസ്‌ട്രേഷന്‍ വേളയില്‍ 2000 രൂപ എന്നിങ്ങനെയാകും തുക നല്‍കുക.കറന്‍സി റദ്ദാക്കലിനുശേഷം കഴിഞ്ഞ ഡിസംബര്‍ 31നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത വേളയില്‍ പ്രഖ്യാപിച്ചതാണു പദ്ധതി. പദ്ധതിയില്‍ 2020 മാര്‍ച്ച് വരേക്കു കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ 12,661 കോടി രൂപ ചെലവിടും.

ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം 7932 കോടി രൂപയാണ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലിയുള്ള സ്ത്രീകള്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയില്ല.