പിണറായിയെ പരോക്ഷമായി വിമര്‍ശിച്ച് നായനാരുടെ മകന്‍

മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ജന്മദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമര്‍ശനവുമായി നായനാരുടെ മകന്‍ രംഗത്ത്.

നമുക്ക് ഇങ്ങനെയൊരു മുഖ്യമന്ത്രി ഉണ്ടായിരുന്നു എന്ന തലക്കെട്ടില്‍ മലയാള മനോരമയില്‍ എഴുതിയ ലേഖനത്തിലാണ് മകന്‍ കെ.പി കൃഷ്ണകുമാറിന്റെ വിമര്‍ശനങ്ങള്‍. ഇന്ന് രാഷ്ട്രീയത്തിലെ പല വിവാദങ്ങളും കാണുമ്പോള്‍ അത് അച്ഛന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തായിരുന്നെങ്കില്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുക എന്നാലോചിക്കാറുണ്ടെന്ന് ലേഖനത്തില്‍ കൃഷ്ണകുമാര്‍ പറയുന്നു. ആഴ്ചകളോളം നീട്ടിക്കൊണ്ടുപോകാറുള്ള പല വിവാദങ്ങളും നായനാര്‍ ഒരൊറ്റദിവസം കൊണ്ട് തീര്‍ക്കാറുണ്ടെന്നും കൃഷ്ണകുമാര്‍ ഓര്‍മ്മിപ്പിക്കുന്നു. പെട്ടെന്ന് തീരുമാനമെടുക്കാനുള്ള കഴിവ് നായനാര്‍ക്കുണ്ടായിരുന്നു. സൂചി കൊണ്ടെടുക്കാവുന്ന കാര്യങ്ങള്‍ ഇന്ന് തൂമ്പ കൊണ്ടെടുക്കുന്നതു കാണുമ്പോള്‍ അച്ഛനെ ഓര്‍മ്മ വരുമെന്ന് കൃഷ്ണകുമാര്‍ പറയുമ്പോള്‍ ലക്ഷ്യം വെക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണെന്ന് വ്യക്തം.

തുടര്‍ന്ന് സെന്‍കുമാര്‍ കേസുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളാണ് സെന്‍കുമാര്‍ അച്ഛന്റെ ഓര്‍മ്മയിലൂടെ ഉന്നയിക്കുന്നത്. ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരെ എല്‍ഡിഎഫിന്റെ ആള്‍, യുഡിഎഫിന്റെ ആള്‍ എന്ന രീതിയില്‍ നായനാര്‍ വേര്‍തിരിച്ചുകണ്ടിരുന്നില്ല. ജോലി കണ്ടാണ് ഓരോരുത്തരെയും നായനാര്‍ അളന്നിരുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ അടുപ്പക്കാരനായിരുന്നു എന്നതുകൊണ്ട് ഒരു ഉദ്യോഗസ്ഥനെയും അച്ഛന്‍ അകറ്റി നിര്‍ത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഇകെ നായനാരുടെ കാലത്ത് ഐഎഎസ്-ഐപിഎസ് വിവാദങ്ങള്‍ ഉണ്ടായിട്ടില്ലെന്നും കൃഷ്ണകുമാര്‍ പറയുന്നു.