പ്രണയത്തിന് വേണ്ടി ജപ്പാനിലെ രാജകുമാരി കുടുംബം ഉപേക്ഷിക്കുന്നു!

ഇഷ്ടപുരുഷനൊപ്പം ജീവിക്കാന്‍ രാജകീയ ജീവിതവും സൗകര്യങ്ങളും ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് ജപ്പാനിലെ യുവറാണി.

ജാപ്പനീസ് രാജകുമാരിയായ മാക്കോ അകിഷിനോയാണ് പ്രണയത്തിനുവേണ്ടി രാജപദവി ഉപേക്ഷിക്കാന്‍ തയ്യാറായിരിക്കുന്നത്.

ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോയുടെ കൊച്ചുമകളാണ് 25 വയസുകാരിയായ മാകോ. യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്തെ സഹപാഠിയാണ് രാജകുമാരിയുടെ പ്രതിശ്രുത വരന്‍ കെയ് കൊമര്‍. ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും യൂണിവേഴ്‌സിറ്റി ഓഫ് ലെയ്സ്റ്ററില്‍ നിന്നു ബിരുദാനന്തര ബിരുദവും നേടിയ ശേഷം മ്യൂസിയത്തില്‍ ഗവേഷകനായി ജോലിചെയ്യുകയാണ് ഇദ്ദേഹം. അഞ്ചുവര്‍ഷം മുമ്പ് ടോക്കിയോയിലെ റസ്റ്ററന്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ആദ്യകാഴ്ചയില്‍ത്തന്നെ ഇരുവരും പ്രണയത്തിലായി. രാജകുടുംബാംഗങ്ങളോട് തന്റെ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ ഏവര്‍ക്കും സമ്മതം. വിവാഹം നടത്തിക്കൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.

പക്ഷെ രാജകുടുംബത്തില്‍ നിന്നുള്ളവര്‍ പുറത്തുനിന്നുള്ളവരെ വിവാഹം കഴിച്ചാല്‍ അവരുടെ സ്ഥാനമാനങ്ങള്‍ നഷ്ടമാകുമെന്നാണ് രാജകുടുംബത്തിന്റെ പാരമ്പര്യം. രാജപദവിക്ക് വേണ്ടി തന്റെ പ്രണയത്തെ ബലി നല്‍കാന്‍ മാക്കോ തയാറായില്ല. ആഡംബര ജീവിതത്തെ ഉപേക്ഷിച്ച് ഇഷ്ടപുരുഷനോടൊപ്പം ജീവിക്കാന്‍ കുടുംബം ഉപേക്ഷിക്കാനാണവര്‍ തീരുമാനിച്ചത്. വിവാഹത്തിന്റെ ഒരുക്കങ്ങളിലാണിപ്പോള്‍ ജപ്പാന്‍ രാജകുടംബം.