ബിഎസ്എന്‍എല്‍ നല്‍കുന്ന ‘ഓഫറുകളില്‍’ സെക്‌സ് ചാറ്റും ; മെസേജിന് പ്രതികരിച്ചാല്‍ ഈടാക്കുന്നത് 150 രൂപ

ഉപഭോക്താക്കള്‍ക്ക് ബി എസ് എന്‍ എല്‍ വഴി നല്‍കുന്ന ഓഫറുകളില്‍ സെക്‌സ് ചാറ്റുവരെ.

സ്‌പോട്‌സ്, സിനിമ, ഭാവി, ഭാഗ്യപരീക്ഷണങ്ങള്‍ തുടങ്ങിയ സേവന മേസേജുകള്‍ക്കിടയ്ക്കാണ് സെക്‌സ് ചാറ്റും ഉള്ളത്. ഇത്തരം മെസേജുകള്‍ സ്വീകരിക്കുന്ന ഉപഭോക്താക്കള്‍ക്ക് 30 രൂപമുതല്‍ 150 രൂപവരെ പോകുന്നുണ്ടെന്നാണ് പരാതി.

പ്രലോഭിപ്പിക്കുന്ന തരത്തിലുള്ള മെസേജുകളാണ് ബിഎസ്എന്‍എല്‍ വഴി കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ള വര്‍ക്ക് ലഭിക്കുന്നത്. ‘ഞാന്‍ ഫ്രീ ആണ്. എന്നെവിളിക്കു’ എന്ന രീതിയിലുള്ള മെസേജുകളാണ് അധികവും. വയസ്സും കാണാന്‍ സുന്ദരിയാണ് എന്നതും ചിലതില്‍ ചേര്‍ത്തിട്ടുണ്ടാകും. ഇത്തരം നിയമവിരുദ്ധത തടയാനുള്ള മാര്‍ഗം ബിഎസ്എന്‍എല്‍ സ്വീകരിക്കുന്നുമില്ല. മറ്റു മൊബൈല്‍ സര്‍വീസുകളിലും ഇത്തരം പ്രവണതകള്‍ ഉണ്ട്.

ഫോണ്‍ നമ്പറിലേക്കു വിളിക്കാന്‍ ആവശ്യപ്പെടുന്നതിനുപുറമേ ലൈവ് ചാറ്റുകളിലേക്കു ക്ഷണിക്കുന്ന മേസേജുകളും വരുന്നുണ്ട്. സ്ത്രീപീഡനങ്ങള്‍ വര്‍ധിച്ചുവരുന്നകാലത്ത് ഇത്തരം രീതികളിലേക്ക് ആളുകളെ വലിച്ചിഴക്കുന്നതാണിവ. ഇത്തരം മെസേജുകള്‍ റിജക്റ്റ് ചെയ്യുമ്പോഴാണ് ചിലപ്പോഴെങ്കിലും പണം പോകുന്നത്.

ഇത്തരം അനാവശ്യ സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യാനുള്ള വഴി ബിഎസ്എന്‍എല്‍ തന്നെ പറഞ്ഞു തരുന്നുണ്ട്. 1909 നമ്പറിലേക്ക് START 0 എന്നു മെസേജ് ചെയ്താല്‍ മാത്രം മതി. ഇതിന്റെ കണ്‍ഫര്‍മേഷന്‍ മേസേജിന് യെസ് എന്ന മറുപടിയും നല്‍കണം. ഡിഎന്‍ഡി അധവാ ഡു നോട്ട് ഡിസ്റ്റര്‍ബ് എന്ന സംവിധാനത്തിലേക്കാണ് ഈ മെസേജുകള്‍ പോകുന്നത്.