വെളിപാടിന്റെ പുസ്തകത്തിലെ മോഹന്‍ ലാലിന്റെ ചിത്രം പുറത്ത് വിട്ടു

വെളിപാടിന്റെ പുസ്തകത്തിലെ പ്രൊഫസര്‍ ഇടിക്കുളയുടെ ചിത്രം സംവിധായകന്‍ ലാല്‍ ജോസ് പുറത്ത് വിട്ടു.

ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ ലാല്‍ ചിത്രത്തില്‍ കോളേജ് അദ്ധ്യാപകന്റെ വേഷത്തിലാണ് ലാല്‍ എത്തുന്നത്. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.മോഹന്‍ലാല്‍ ആദ്യമായി ലാല്‍ജോസ് ചിത്രത്തില്‍ നായകനാകുമ്പോള്‍ വന്‍ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ബെന്നി പി നായരമ്പലം ആണ് തിരക്കഥ.

നിലവിലുള്ള കലാലയ സാഹചര്യത്തെക്കുറിച്ചും വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും ഹാസ്യപശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമായിരിക്കും ഇതെന്ന് ബെന്നി പി നായരമ്പലം. ഒരു ലാല്‍ ജോസ് സിനിമയില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതെല്ലാം ഈ ചിത്രത്തിലുണ്ടാകുമെന്നും തിരക്കഥാകൃത്ത്. നീന എന്ന സിനിമയ്ക്ക് ശേഷം രണ്ട് വര്‍ഷത്തെ ഇടവേളയെടുത്താണ് ലാല്‍ ജോസ് അടുത്ത ചിത്രവുമായി എത്തുന്നത്. കഥ പറച്ചില്‍ ശൈലിയിലെ ലാളിത്യത്താല്‍ വിസ്മയിപ്പിച്ച സംവിധായകന്‍ മോഹന്‍ലാലിനൊപ്പം കൈകോര്‍ക്കുന്ന സിനിമയെന്നത് വലിയ പ്രതീക്ഷയായി രൂപപ്പെട്ടിട്ടുണ്ട്.

അപ്പാനി രവി ഫെയിം ശരത്, അരുണ്‍ കുര്യന്‍,സലിം കുമാര്‍, അനൂപ് മേനോന്‍, പ്രിയങ്ക, സുബീഷ് സുധി എന്നിവരും ഈ ചിത്രത്തിലുണ്ട്. വിഷ്ണു ശര്‍മ്മയാണ് ക്യാമറ. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും. ആശിര്‍വാദ് സിനിമാണ് ആണ് ലാല്‍ ജോസ് ചിത്രത്തിന്റെ നിര്‍മ്മാണം.