മംഗലശ്ശേരി നീലകണ്ഠന്‍ ആകേണ്ടിയിരുന്നത് മമ്മൂട്ടി:പിന്നെന്താണ് സംഭവിച്ചത്?

ഓരോ ധാന്യത്തിലും അത് കഴിക്കേണ്ട ആളുടെ പേര് എഴുതപ്പെട്ടിരിയ്ക്കുന്നു എന്നതുപോലെ തന്നെയാണ് സിനിമയില്‍ ഓരോ കഥാപാത്രത്തിനും അത് അവതരിപ്പിയ്ക്കേണ്ട നടന്‍റെ പേരും എഴുതി വയ്ക്കപ്പെട്ടിരിയ്ക്കുന്നു എന്നത്.

പറഞ്ഞു വരുന്നത് മംഗലശ്ശേരി നീലകണ്ഠന്‍റെ കാര്യമാണ്. മലയാളി ഒരിയ്ക്കലും മറക്കാനിടയില്ലാത്ത രഞ്ജിത്ത്-ഐ വി ശശി-മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദേവാസുരം എന്ന മംഗലശ്ശേരിയിലെ അസുരവിത്തിന്റെ കഥ.മോഹന്‍ ലാല്‍ എന്ന അതുല്യപ്രതിഭ ജീവന്‍ നല്‍കിയ ആ കഥാപാത്രം മമ്മൂട്ടി ആയിരുന്നു അവതരിപ്പിയ്ക്കേണ്ടിയിരുന്നത് എന്ന വസ്തുത സങ്കല്‍പ്പിയ്ക്കാനാകുമോ?

കഥ തുടങ്ങുന്നത് 1981 ലാണ്.മമ്മൂട്ടിയുടെ ഡേറ്റുമായി നിര്‍മ്മാതാവ് കെ ആര്‍ ജി സംവിധായകന്‍ ഐ വി ശശിയെ സമീപിയ്ക്കുന്നു.എന്നാല്‍ തയ്യാറായ കഥകളൊന്നും അപ്പോള്‍ അദ്ദേഹത്തിന്‍റെ കൈവശം ഉണ്ടായിരുന്നില്ല.ഈ അവസരത്തിലാണ് രഞ്ജിത്ത് ഒരു കഥയുമായെത്തുന്നത്.ഐ വി ശശി പറഞ്ഞുകൊടുത്ത മാറ്റങ്ങളുമായി അങ്ങനെ ഊട്ടിയുടെ പശ്ചാത്തലത്തില്‍ ഒരു റൊമാന്റിക്-ആക്ഷന്‍ ചിത്രം പിറന്നു.നീലഗിരി.പക്ഷെ നീലഗിരി മമ്മൂട്ടിയ്ക്കും ഐ വി ശശിയ്ക്കും ഗുണമുണ്ടാക്കിയില്ല..

നീലഗിരിയുടെ ഷൂട്ടിംഗ് സമയത്ത് തന്നെ തന്റെ മനസ്സിനെ ഉലച്ചുകൊണ്ടിരിയ്ക്കുന്ന നീലകണ്ഠന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് രഞ്ജിത്ത് മമ്മൂട്ടിയോട് പറയുകയും അദ്ദേഹം ചെയ്യാമെന്ന് സമ്മതിയ്ക്കുകയും ചെയ്തിരുന്നു.പക്ഷെ നീലഗിരിയ്ക്ക് ശേഷം ചൂടുവെള്ളത്തില്‍ ചാടിയ പൂച്ചയെന്ന പോലെ ഐ വി ശശിയുടെ നായകനാകാന്‍ മമ്മൂട്ടി സമ്മതിച്ചില്ല. അങ്ങനെയാണ് മോഹന്‍ ലാല്‍ മംഗലശ്ശേരി നീലകണ്ഠന്‍ ആകുന്നത്.പിന്നെ നടന്നത് ചരിത്രം!