അനസ്തെഷ്യയ്ക്ക് മുന്‍പ്:രോഗിയും ഡോക്റ്ററും ഒരു കുപ്പി വിസ്ക്കിയുമായി പോയിരുന്ന കാലം!

1840-കൾക്കു മുമ്പ്, ശസ്‌ത്രക്രിയാ മുറിയിലേക്ക് പോകുന്ന രോഗികളുടെ മനസ്സിൽ തീയായിരുന്നു. കാരണം അന്ന് അനസ്‌തേഷ്യ കൊടുക്കുന്ന രീതി കണ്ടുപിടിച്ചിട്ടില്ലായിരുന്നു.

ഒരു നിശ്ചിത സമയത്തേക്ക് മരുന്നിന്റേയും യന്ത്രത്തിന്റേയും സഹായത്തോടെ പൂര്‍ണമായോ ഭാഗികമായോ അബോധാവസ്ഥയില്‍ എത്തിക്കുന്ന ഒരു ചികിത്സാ സമ്പ്രദായമാണ് അനസ്‌തേഷ്യ. “നാം വേദനയെ കീഴ്‌പ്പെടുത്തിയിരിക്കുന്നു” എന്ന തന്‍റെ പുസ്‌തകത്തിൽ ഡെന്നിസ്‌ ഫ്രാഡിൻ ഇങ്ങനെ പറയുന്നു: “രണ്ടു കയ്യിലും ഓരോ കുപ്പി വിസ്‌കിയും ആയിട്ടാണ്‌ അന്നത്തെ ശസ്‌ത്രക്രിയാവിദഗ്‌ധർ ശസ്‌ത്രക്രിയാ മുറിയിലേക്ക് പ്രവേശിച്ചിരുന്നത്‌. ഒന്ന് രോഗിക്കും മറ്റേത്‌ ഡോകടർക്കും. ഒരു കുപ്പി വിസ്‌കി അകത്താക്കിയാലേ ഡോകടർക്കു രോഗിയുടെ വലിയവായിലുള്ള കരച്ചിൽ സഹിക്കാനാകുമായിരുന്നുള്ളത്രെ!”
അന്നത്തെ ഡോകടർമാരും ദന്തവൈദ്യന്മാരും രോഗികളും ശസ്‌ത്രക്രിയാ സമയത്തെ വേദന ലഘൂകരിക്കാനായി എന്തും പരീക്ഷിച്ചുനോക്കിയിരുന്നു. അതിനായി ലോകത്തിന്‍റെ വ്യത്യസ്‌ത ഭാഗങ്ങളിൽ കറുപ്പും ലഹരിപാനീയങ്ങളും വ്യാപകമായി ഉപയോഗിക്കുക പതിവായിരുന്നു. ഇന്ത്യയിലെയും ചൈനയിലെയും വൈദ്യന്മാർ മരിജ്വാനയും ഹാഷീഷും ഉപയോഗിച്ചിരുന്നു. പുരാതന ഗ്രീക്ക് വൈദ്യനായ ഡൈയൊസ്‌കോരിഡിസാണ് അനസ്‌തേഷ്യ എന്ന പദം ആദ്യമായി ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു. ദൂദായിച്ചെടിയുടെ വേരു ചതച്ചെടുത്ത നീരും വീഞ്ഞും കൂട്ടിക്കലർത്തിയുണ്ടാക്കുന്ന മിശ്രിതത്തിന്‌ അനസ്‌തെറ്റിക്‌ സ്വഭാവം (വേദന അറിയാതാക്കാനുള്ള കഴിവ്‌) ഉണ്ടെന്ന് അഭിപ്രായപ്പെട്ടു. പിൽക്കാലങ്ങളിൽ ചില ഡോകടർമാർ ഹിപ്‌നോട്ടിസം പോലും പരീക്ഷിച്ചു നോക്കി.

എങ്കിലും, വേദനയ്‌ക്ക് കാര്യമായ കുറവൊന്നും സംഭവിച്ചിരുന്നില്ല. അതുകൊണ്ട് ശസ്‌ത്രക്രിയാവിദഗ്‌ധരും ദന്തവൈദ്യന്മാരും കഴിയുന്നത്ര പെട്ടെന്ന് തങ്ങളുടെ ജോലി തീർക്കാൻ ശ്രമിച്ചു. അവരുടെ കഴിവു വിലയിരുത്തുന്നതു പോലും വേഗത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ എത്ര വേഗത്തിൽ ചെയ്‌താലും രോഗിക്ക് കഠിന വേദന സഹിക്കേണ്ടിവരുമായിരുന്നു. അതുകൊണ്ട്, മുഴയായാലും വായ്‌ നിറയെ പുഴുപ്പല്ലായാലും ശസ്‌ത്രക്രിയയുടെയും പല്ലെടുപ്പിന്‍റെയും ഒക്കെ വേദന സഹിക്കുന്നതിലും ഭേദം അതൊക്കെ സഹിച്ചു ജീവിക്കുന്നതാണെന്ന് ആളുകൾ പൊതുവെ കരുതിയിരുന്നു.

1275-ൽ സ്‌പാനീഷ്‌ വൈദ്യനായ റെയ്‌മണ്ട് ലുള്ളസ്‌ ചില രാസവസ്‌തുക്കൾ ഉപയോഗിച്ച് പരീക്ഷണം നടത്തവെ ബാഷ്‌പശീലവും ജ്വലനശേഷിയും ഉള്ള ഒരു ദ്രാവകം കണ്ടുപിടിച്ചു. അദ്ദേഹം അതിന്‌ സ്വീറ്റ്‌ വിട്രിയോൾ എന്നു പേരിട്ടു. 16-‍ാ‍ം നൂറ്റാണ്ടിൽ, പാരസെൽസസ്‌ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സ്വിറ്റ്‌സർലൻഡുകാരനായ ഒരു വൈദ്യൻ കോഴികളെ സ്വീറ്റ്‌ വിട്രിയോൾ മണപ്പിച്ചുനോക്കി. അപ്പോൾ അവ ഉറങ്ങിപ്പോയെന്നു മാത്രമല്ല, അവയ്‌ക്ക് വേദന അറിയാനുള്ള പ്രാപ്‌തി താത്‌കാലികമായി നഷ്ടപ്പെടുകയും ചെയ്‌തതായി അദ്ദേഹം കണ്ടെത്തി. എന്നാൽ ലുള്ളസിനെ പോലെതന്നെ അദ്ദേഹവും മനുഷ്യരിൽ അത്‌ പരീക്ഷിച്ചു നോക്കിയില്ല. 1730-ൽ ജർമൻ രസതന്ത്രജ്ഞനായ ഫ്രോബേനിയുസ്‌ ഈ ദ്രാവകത്തിന്‌ “സ്വർഗീയം” എന്നർത്ഥമുള്ള ഈഥർ എന്ന ഗ്രീക്ക് പേരു നൽകി. ആ പേരാണ്‌ ഇന്നുവരെയും നിലനിൽക്കുന്നത്‌. എന്നാൽ ഈഥറിന്‍റെ അനസ്‌തെറ്റിക്‌ പ്രാപ്‌തി പൂർണമായി വിലമതിക്കപ്പെടാൻ പിന്നെയും 112 വർഷങ്ങൾ എടുത്തു.
അതിനിടയിൽ, മറ്റൊരു സംഭവമുണ്ടായി. 1772-ൽ, ആംഗലേയ ശാസ്‌ത്രജ്ഞനായ ജോസഫ്‌ പ്രീസ്റ്റ്ലി നൈട്രസ്‌ ഓക്‌സൈഡ്‌ എന്ന വാതകം കണ്ടുപിടിച്ചു. ഇത്‌ ചെറിയ അളവിൽ പോലും ശ്വസിക്കുന്നതു മാരകമാണെന്ന് ആളുകൾ വിശ്വസിച്ചിരുന്നു. എന്നാൽ അതിൽ എന്തെങ്കിലും കഥയുണ്ടോ എന്നറിയാൻ 1799-ൽ ബ്രിട്ടീഷ്‌ രസതന്ത്രജ്ഞനും കണ്ടുപിടിത്തക്കാരനുമായ ഹംഫ്രി ഡേവി ആ വാതകം തന്നിൽത്തന്നെ പരീക്ഷിച്ചു നോക്കി. നൈട്രസ്‌ ഓക്‌സൈഡ്‌ ശ്വസിച്ച അദ്ദേഹം കുടുകുടാ ചിരിക്കാൻ തുടങ്ങി. അത്‌ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അദ്ദേഹം അതിന്‌ ചിരി വാതകം എന്ന് പേരിട്ടു. നൈട്രസ്‌ ഓക്‌സൈഡിന്‌ അനസ്‌തെറ്റിക്‌ സവിശേഷതകൾ ഉണ്ടായിരുന്നേക്കാമെന്ന് ഡേവി എഴുതി. എന്നാൽ അക്കാലത്ത്‌ ആരും അതിനെ കുറിച്ച് കൂടുതലായ അന്വേഷണം ഒന്നും നടത്തിയില്ല.
1846 ഒക്‌ടോബര്‍ 16ന് അമേരിക്കയിലെ മസാച്ചുസെറ്റ ജനറല്‍ ആശുപത്രിയില്‍വച്ച് ഡോ. വില്യം തോമസ് ഗ്രീന്‍ മോര്‍ട്ടന്‍ എന്നയാളാണ് ലോകത്താദ്യമായി ഈഥര്‍ എന്ന വാതകരൂപത്തിലുള്ള മരുന്നുനല്‍കി വിജയകരമായ അനസ്‌തേഷ്യ നല്‍കിയത്. ആബട്ട് എന്ന കുട്ടിയുടെ താടിയെല്ലിലെ മുഴ ഡോ. വാറന്‍ എന്ന സര്‍ജന്‍ ഡോ. മോര്‍ട്ടന്റെ ഈഥര്‍ അനസ്‌തേഷ്യയില്‍ വേദനരഹിതമായി നീക്കം ചെയ്തത് അനസ്‌തേഷ്യ എന്ന വിഭാഗത്തിന് നാന്ദികുറിച്ചു. അന്നുമുതല്‍ ഇന്നുവരെ കഴിഞ്ഞ 170 കൊല്ലം അനസ്‌തേഷ്യ വിഭാഗത്തിലെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്കാണ് ശാസ്ത്രലോകം സാക്ഷ്യം വഹിച്ചത്. ഇന്ന് ഈ മേഖല ഒരു തികഞ്ഞ ശാസ്ത്രീയ വിഭാഗമായി വളര്‍ന്നു കഴിഞ്ഞു.
ഈഥര്‍ അനസ്‌തേഷ്യയുടെ പിന്‍തലമുറക്കാരായ ഹ്രസ്വനേരം പ്രവര്‍ത്തിക്കുന്ന വായു അവസ്ഥയിലും ദ്രാവക അവസ്ഥയിലുമുള്ള അനസ്‌തേഷ്യ മരുന്നുകളും മറ്റു വേദന സംഹാരികളും, പേശികളുടെ നിശ്ചലാവസ്ഥ കൃത്യതയോടെ ഉറപ്പാക്കുന്ന മരുന്നുകളും, ആവശ്യാനുസരണം ഉറക്കാനും ഉണര്‍ത്താനും കഴിവുള്ള അതിനൂതനമായ മരുന്നുകളും, നാഡീ സഞ്ചയത്തെ അനുയോജ്യമായ സ്ഥലത്ത് ഹ്രസ്വനേരത്തേക്കോ ദീര്‍ഘ നേരത്തേക്കോ ആവശ്യാനുസരണം വേദന രഹിതവും പേശികളുടെ നിശ്ചലാവസ്ഥ ഉറപ്പാക്കുന്ന മരുന്നുകളും ഇന്ന് ലഭ്യമാണ്. ആധുനിക ഉപകരണങ്ങളും മരുന്നുകളും ഉണ്ടെങ്കില്‍ അടിസ്ഥാനപരമായ പ്രവൃത്തി പരിചയം സിദ്ധിച്ച ഏതൊരു അനസ്‌തേഷ്യ വിദഗ്ധനും വിജയകരവും സുരക്ഷിതവുമായി ഈ സേവനം ലഭ്യമാക്കാന്‍ കഴിയും. അനസ്‌തേഷ്യ മരുന്നിന്റെ അമിത ഉപയോഗം കാരണം അബോധാവസ്ഥയിലായി എന്നു നമ്മള്‍ പലപ്പോഴും പറഞ്ഞുകേള്‍ക്കുന്ന ഒരു പരാതിയാണ്. എന്നാല്‍ ഹ്രസ്വ നേരത്തേക്കുള്ള മരുന്നുകള്‍ സ്ഥിരമായ അബോധാവസ്ഥയോ നിശ്ചലാവസ്ഥയോ ഉണ്ടാക്കാറില്ല എന്നതാണ് സത്യം.