നായയെ വിവാഹം കഴിക്കാന്‍ വിധിക്കപ്പെട്ട പെണ്‍കുട്ടികള്‍ !

വിവാഹം എല്ലാ പെണ്‍കുട്ടികളുടെയും ഒരു സ്വപ്നമാണ്.എന്നാല്‍ ആ സ്വപ്നങ്ങളില്‍ ഒന്നും ഒരു നായയെ വിവാഹം കഴിക്കേണ്ടി വരുന്നത് ഉണ്ടാവില്ല.

എന്നാല്‍ ജാര്‍ഖണ്ഡ് സംസ്ഥാനത്തെ ചിലഭാഗങ്ങളില്‍ ഇന്നും നിലനിലനില്‍ക്കുന്ന ഒരു ദുരാചാരമാണ് നായയെ വിവാഹം കഴിയ്ക്കുക എന്നത്.. ഇതേ ആചാരം ബീഹാറിലെ ചില ജില്ലകളിലും ആദിവാസി സമൂഹത്തില്‍ നടക്കുന്നുണ്ട്.

ഗന്ധര്‍വ വിവാഹം എന്നാണ് ഇതറിയപ്പെടുന്നത്. ജാര്‍ഖണ്ഡ് സ്വദേശിനിയായ 18 കാരി മംഗ്ലി മുണ്ട എന്ന ആദിവാസി യുവതിയാണ് ഇക്കഴിഞ്ഞ ആഗസ്റ്റ്‌ 30 ന് “ഷേരു” എന്ന നായയെ വിവാഹം കഴിച്ചത്.
ഇവിടെയുള്ള ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെ പരമ്പരാഗതമായ ഒരു രീതിയാണ് ഈ വിവാഹം. പെണ്‍കുട്ടിയെ ബാധിച്ചിരിക്കുന്ന ഭൂത പ്രേത ബാധകളും.ഗൃഹദോഷവും മറ്റുള്ള എല്ലാ ദോഷങ്ങളും പൂര്‍ണ്ണമായി മാറിക്കിട്ടാന്‍ വേണ്ടിയാണ് ഈ വിവാഹം എന്നിവര്‍ വിശ്വസിക്കുന്നു. നായയെ വിവാഹം കഴിക്കുന്നതോട് കൂടി എല്ലാ ദോഷവും നായയിലേക്ക് ആവാഹിക്കുന്നതോട് കൂടി കുടുംബവും ഒപ്പം ഗ്രാമവും ദോഷമുക്തമാകുമെന്നും ഇവര്‍ കരുതുന്നു.

പിന്നീട് പെണ്‍കുട്ടി വിവാഹം കഴിയ്ക്കുന്ന യുവാവിനു ദീര്‍ഘായുസ്സ് കിട്ടാനും ഈ വിവാഹം ഉപകരിക്കുമത്രേ.
നായയുമായുള്ള വിവാഹം വളരെ ആര്‍ഭാടമായും, ആഘോഷത്തോടെയുമാണ്‌ നടത്തപ്പെടുന്നത്. സാധാരണ വിവാഹം പോലെതന്നെ ഗ്രാമമുഖ്യനും,ഗ്രാമത്തിലെ മൂപ്പന്മാരുമാണ് ഇതിനും നേതൃത്വം നല്‍കുന്നത്. കാറില്‍ എത്തിയ വരനെ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മണ്ഡപത്തില്‍ ആനയിച്ചു സിന്ദൂര തിലകമണിയിച്ചു പരമ്പരാഗത പൂജാവിധികളോടെ യാണ് മംഗ്ലിക്കൊപ്പം വിവാഹം നടത്തപ്പെട്ടത്. ക്ഷണിക്കപ്പെട്ട ബന്ധുക്ക ള്‍ക്കും,നാട്ടുകാര്‍ക്കുമൊക്കെ ലഘുസദ്യയും വിളമ്പി.
വിവാഹശേഷം വധുവിനോപ്പം വരാനായ നായയും മുറിയില്‍ അടയ്ക്കപ്പെടുന്നതോട് കൂടി ചടങ്ങുകള്‍ അവസാനിക്കുന്നു.

” ഞാന്‍ ഈ വിവാഹത്തില്‍ ഒട്ടും സന്തുഷ്ടയല്ല. പക്ഷേ മുതിര്‍ന്നവരെ അനുസരിക്കാതെ വയ്യ” . സ്കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത മംഗ്ലി പരസ്യമായി പറഞ്ഞു.
എല്ലാ അചാരാനുഷ്ടാനത്തോടും കൂടിയാണ് ഈ വിവാഹം നടത്തിയത്. ഈ വിവാഹത്തോട് കൂടി മംഗ്ലി പൂര്‍ണ്ണമായും എല്ലാ ദോഷങ്ങളില്‍ നിന്നും മുക്തയായിരിക്കുന്നു. അതുകൊണ്ട് തന്നെ അനുയോജ്യനായ ഒരു പുരുഷനെ വിവാഹം കഴിക്കാന്‍ അവള്‍ സ്വതന്ത്രയായിരിക്കുന്നുവെന്നും മംഗ്ലിയുടെ അച്ഛന്‍ അമന്‍മുണ്ട പറഞ്ഞു.(ചിത്രത്തില്‍ നായയെ എടുത്തിരിക്കുന്നത് അമന്‍ മുണ്ട യാണ്)
സാമ്പത്തികമായി നല്ല നിലയിലുള്ളവര്‍ക്ക് മാത്രമേ ഇത്തരമൊരു വിവാഹം നടത്താന്‍ കഴിയുകയുള്ളൂ.കാരണം ഒരു സാധാരണ വിവാഹത്തിന്‍റെ അത്രയുംതന്നെ ചിലവുകള്‍ ഇതിനുമുണ്ട്.