വീണ്ടും എസ്ബിഐ; ചെറുകിട ബിസിനസ്സ് സംരംഭകര്‍ക്കായുള്ള മുദ്ര വായ്പയുടെ പലിശ 5.2 ശതമാനം വര്‍ദ്ധിപ്പിച്ചു

ചെറുകിട ബിസിനസ് സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച മുദ്ര ലോണ്‍ യോജന പദ്ധതിയുടെ പലിശ ശതമാനം 9.8 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി എസ്ബിഐ ഉയര്‍ത്തി.

എസ്ബിഐ മുന്നറിയിപ്പില്ലാതെ പലിശ വര്‍ദ്ധിപ്പിച്ചത് പദ്ധതിയുടെ കീഴില്‍ വായ്പ എടുത്തവരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പലിശ വര്‍ദ്ധിപ്പിച്ചതോടെ വായ്പ അടച്ചുതീരാറായവര്‍ ഇനിയും കൂടുതല്‍ തുക അടയ്‌ക്കേണ്ടിവരും.

കേന്ദ്ര സര്‍ക്കാര്‍ 2015ല്‍ കൊണ്ടുവന്ന പദ്ധതിയുടെ ഭാഗമായി 50000 മുതല്‍ 10 ലക്ഷം രൂപ വരെയായിരുന്നു വായ്പ തുകയായി അനുവദിച്ചിരുന്നത്. പദ്ധതി രാജ്യത്തെ 58 ദശലക്ഷം ചെറുകിട സംരഭകര്‍ക്ക് ആശ്വാസമാകും എന്ന് പ്രഖ്യാപിച്ച് ഏറെ കൊട്ടിഘോഷിച്ച് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധിതിയാണ് മുദ്ര. 5 മുതല്‍ 7 വര്‍ഷം വരെയായിരുന്നു തിരിച്ചടവ് കാലാവധി.
സഹകരണ ബാങ്കുകളൊഴികെ മറ്റ് ബാങ്കുകളൊന്നും മുദ്രവായ്പയ്ക്ക് ഏകീകൃത പലിശ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല എന്നതിന്റെ മറവിലാണ് എസ്ബിഐ പലിശ വര്‍ദ്ധിപ്പിച്ചത്. കേരളത്തില്‍ ലക്ഷക്കണക്കിന് പേരാണ് മുദ്ര വായ്പ എടുത്തത്. ഇതില്‍ കൂടുതല്‍ പേരും എസ്ബിടിയില്‍ നിന്നാണ് വായ്പ എടുത്തത്.