ഇതുവരെ കാണാത്ത കൌതുകങ്ങളുമായി മന്ദാകിനി വരുന്നു!

മലയാളയുവസിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ വ്യത്യസ്തമായ പ്രൊമോഷന്‍ രീതികള്‍ സജീവമാകുകയാണ്.സോഷ്യല്‍മീഡിയ സിനിമാപ്രോമോഷന്റെ അവിഭാജ്യഘടകമായതോടെ കൂടുതല്‍ ആളുകളിലേയ്ക്ക് സിനിമയെ എത്തിയ്ക്കാന്‍ ഇത്തരം വ്യത്യസ്തമായ പരസ്യരീതികള്‍ ആവശ്യമായി വരുകയും ചെയ്യുന്നു.

നവാഗതനായ ജെനിത് കാച്ചപ്പള്ളിയുടെ മന്ദാകിനി എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് അടുത്തിടെ ഇത്തരം ഒരു കൌതുകമുള്ള പ്രൊമോഷന്‍ നടന്നത്..ഒരു പേപ്പര്‍ കട്ടിങ്ങിന്റെ മാതൃകയിലായിരുന്നു ആ പരസ്യം പ്രത്യക്ഷപ്പെട്ടത്.യുവതാരങ്ങള്‍ പിടിയില്‍ എന്ന തലക്കെട്ടില്‍,പ്രേമത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയ സിജു വിൽസൺ, കൃഷ്ണശങ്കർ, ശബരീഷ് വർമ, സംവിധായകൻ കൂടിയായ അൽത്താഫ് സലീം, ഷിയാസ് എന്നിവരുടെ ചിത്രം ഉൾപ്പെടെയാണ് വാർത്ത സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.തലക്കെട്ടിന്റെ കൌതുകം കൊണ്ട് തന്നെ സ്വാഭാവികമായും സംഗതി വൈറല്‍ ആകുകയും ചെയ്തു.

പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഇത്തരം പ്രൊമോഷന്‍ രീതികള്‍ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിയ്ക്കുന്നത്. തീര്‍ത്തും ക്രിയേറ്റീവായ ഒരു ചിത്രമാണ് മന്ദാകിനിയെന്നും ചിത്രത്തിന്‍റെ ഒരോഘട്ടത്തിലും വളരെ വ്യത്യസ്തമായ രീതിയിലാണ് അവതരിപ്പിക്കാന്‍ നോക്കുന്നത്. എന്നുമാണ് സംവിധായകന്റെ മറുപടി.ഇന്നത്തെ സവിശേഷമായ സാഹചര്യത്തില്‍ ജനങ്ങളെ ഒരു പ്രോജക്ടിലേക്ക് ഹുക്ക് ചെയ്യുക എന്നതാണ് ഈ പോസ്റ്ററിന് പിന്നില്‍. ഇതിന്‍റെ പിന്നാലെ ഇറങ്ങുന്ന ഫസ്റ്റ്ലുക്കിലും മറ്റും ഇത്തരത്തിലുള്ള പുതുമ പ്രതീക്ഷിക്കാം എന്നും ജനിത് കാച്ചപ്പള്ളി പറയുന്നു.

മന്ദാകിനി ഒറ്റ രാത്രിയിലെ രണ്ടുമണിക്കൂറിന്‍റെ കഥപറയുന്ന കോമഡി ത്രില്ലറാണ്. ഇതിഹാസ, സ്റ്റൈൽ എന്നീ ചിത്രങ്ങളൊരുക്കിയ ആർക്ക് മീഡിയായുടെ ബാനറിൽ രാജേഷ് അഗസ്റ്റിൻ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കും.