ഓഖിയില്‍ ഒറ്റപ്പെട്ട് ലക്ഷദ്വീപ്: വൈദ്യുതിയില്ല, ഭക്ഷണം തീര്‍ന്നതായി നാട്ടുകാര്‍

ഓഖി ചുഴലിക്കാറ്റില്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയില്‍ ലക്ഷദ്വീപ്.കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞടിച്ച കാറ്റിലും ശക്തിയേറിയ മഴയിലും നാശനഷ്ടങ്ങള്‍ ഏറെയാണ്.ആളപായം സംഭവിക്കാത്തതു മാത്രമാണ് നാട്ടുകാരുടെ ആശ്വാസം.പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ക്കു ക്ഷാമം നേരിടുന്നതായി നാട്ടുകാര്‍ അറിയിച്ചു.

കല്‍പേനി, മിനിക്കോയ് ദ്വീപുകളിലാണു ദുരന്തം ഏറ്റവുമധികം ബാധിച്ചത്. രണ്ട് ദ്വീപികളിലും രണ്ട് ദിവസമായി വൈദ്യുതിയില്ല.ദ്വീപില്‍നിന്ന് കൊച്ചിയിലേക്കും മറ്റും ചികില്‍സയ്ക്കും കോടതി ആവശ്യങ്ങള്‍ക്കുമായി പോയവര്‍ മടങ്ങി വരാനാകാതെ പ്രയാസത്തിലാണ്.ബേപ്പൂരില്‍നിന്ന് കപ്പലില്‍ കയറിയവര്‍ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ്.

കപ്പല്‍ സര്‍വീസുകള്‍ റദ്ദാക്കിയതോടെ കൊച്ചിയിലേക്കും മംഗളുരുവിലേക്കും തിരിച്ചു പോകാനിരുന്നവരും കുടുങ്ങി. കപ്പല്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് അങ്ങോട്ടുമിങ്ങോട്ടും യാത്ര മുടങ്ങിയവര്‍ക്കു ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബോട്ടുകളും മീന്‍പിടിത്ത ഉപകരണങ്ങളും നശിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം.

ദ്വീപുകളുടെ കിഴക്കന്‍ തീരത്താണു നാശം കൂടുതല്‍. പുലിമുട്ടു തകര്‍ന്നതോടെ കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും ദ്വീപില്‍ അടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. 30 വര്‍ഷത്തിനിടെ ചുഴലി ഇത്രയും നാശം ദ്വീപിനുണ്ടാക്കിയിട്ടില്ലെന്നു നിവാസികള്‍ പറഞ്ഞു. ബോട്ടുകള്‍ക്ക് അടുക്കാന്‍ കഴിയാതായതോടെ ശേഖരിച്ചിരുന്ന ഭക്ഷണസാമഗ്രികള്‍ തീര്‍ന്നുതുടങ്ങി.

ജലശുദ്ധീകരണ പ്ലാന്റില്‍ തിര അടിച്ചുകയറി പ്രവര്‍ത്തനം നിലച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കു ഹെലികോപ്റ്ററുകള്‍ ഇറക്കാറുള്ള ഹെലിപാഡുകളും തകര്‍ന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നശിച്ചു, മേല്‍ക്കൂരകള്‍ പറന്നുപോയി; കെട്ടിടങ്ങള്‍ താമസയോഗ്യമല്ലാതായിട്ടുണ്ട്. വാര്‍ത്താവിനിമയ സംവിധാനങ്ങളും പ്രവര്‍ത്തനക്ഷമമല്ല. തിരമാലകളില്‍പെട്ടു മുപ്പതിലധികം ബോട്ടുകള്‍ തകര്‍ന്നെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.