ആകാശം നിറഞ്ഞ് സ്ത്രീ സാന്നിധ്യം; ചരിത്രം സൃഷ്ടിച്ച് ഇവര്‍..

 

ഹൈദരാബാദ്: വ്യോമസേനയില്‍ യുദ്ധവിമാനത്തിന്റെ നിയന്ത്രണം വനിതാ പൈലറ്റുമാരുടെ കൈകളിലേക്കും. ഹൈദരാബാദിലെ ഹക്കെംപെട്ടിലുള്ള എയര്‍ഫോഴ്‌സ് അക്കാദമിയില്‍ രാവിലെ നടന്ന വ്യോമസേനയുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ ഭാവന, ആവണി, മോഹന എന്നിവര്‍ ഫ്‌ളൈയിംഗ് ഓഫീസര്‍മാരായി. യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാപൈലറ്റുമാരായി ഇവര്‍ കമ്മീഷന്‍ ചെയ്യപ്പെട്ടതോടെ യുദ്ധവിമാനം പറത്തുന്ന രാജ്യത്തെ ആദ്യ വനിതകളായി. വ്യോമസേനയുടെ യുദ്ധവിമാന വിഭാഗത്തിലെ ആദ്യ വനിതാബാച്ചില്‍പ്പെട്ട ഫ്‌ളൈറ്റ് കേഡറ്റുകളാണിവര്‍. പുരുഷ കേഡറ്റുകള്‍ക്കൊപ്പം 150 മണിക്കൂര്‍ വിമാനം പറത്തിയ പരിചയവുമായാണ് ഇവര്‍എത്തുന്നത്. ബ്രിട്ടീഷ് നിര്‍മ്മിത ഹോക്ക് വിമാനമായിരിക്കും ഇവര്‍ ആദ്യം പറത്തുക. ഇത് 145 മണിക്കൂര്‍ പറത്തി പരിചയം നേടിയതിനുശേഷം സൂപ്പര്‍സോണിക് യുദ്ധവിമാനം ഇവര്‍ പറപ്പിച്ചു തുടങ്ങുക. ബിഹാറിലെ ദര്‍ബംഗ സ്വദേശിനിയാണ് ഇരുപത്തിരണ്ടുകാരിയായ ഭാവന കാന്ത്. മധ്യപ്രദേശിലെ സത്‌ന സ്വദേശിനിയാണ് ഇരുപത്തൊന്നുകാരിയായ ആവണി ചതുര്‍വേദി. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിനിയാണ് മോഹന സിംഗ്.