അലര്‍ജി….??? ഒഴിവാക്കാന്‍ 10 നിര്‍ദേശങ്ങള്‍

അലര്‍ജിയുള്ളവരും അലര്‍ജിക്കുളള മരുന്നു കഴിക്കുന്നവരും ശ്രദ്ധിക്കുക
1. അലര്‍ജിയുള്ളവര്‍, പ്രത്യേകിച്ച്‌ പൊടിയടിച്ചാല്‍ തുമ്മുന്നവര്‍ വീടും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കുക. ആഴ്‌ചയില്‍ ഒരിക്കല്‍ കിടക്കവിരികളും പുതപ്പും തലയണയുറകളും കര്‍ട്ടനുകളും മാറ്റിവിരിക്കുക. വിട്ടുമാറാത്ത അലര്‍ജിയുള്ളവര്‍ തലയണയുറകള്‍ മൂന്നുനാലു ദിവസം കൂടുമ്പോള്‍ മാറ്റി ഉപയോഗിക്കുന്നത്‌ നല്ലതാണ്‌.
2. വീട്ടിലോ ജോലിസ്ഥലത്തോ ആകട്ടെ, പൊടിയുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യേണ്ടി വന്നാല്‍ മാസ്‌ക്‌ കൊണ്ടോ തുവാല കൊണ്ടോ മൂടുക.
3. അലര്‍ജിയുള്ളവര്‍ പൂമ്പൊടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വീടിനകത്തും ജനാലകളോടു ചേര്‍ന്നും പൂച്ചെടികള്‍ വളര്‍ത്തരുത്‌.
4. വളര്‍ത്തുമൃഗങ്ങളുമായുള്ള ഇടപെടല്‍ കഴിവതും ഒഴിവാക്കുക. അവയെ വീട്ടിനുള്ളില്‍ വളര്‍ത്താതിരിക്കുക.
5. പുകവലിയും മദ്യപാനവും ഒഴിവാക്കുക. കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കാതിരിക്കുക. ചൈനീസ്‌ ഫുഡില്‍ ചേര്‍ക്കുന്ന അജിനോമോട്ടോയും ആഹാരസാധനങ്ങള്‍ക്കു നിറം നല്‍കുന്ന ടാര്‍ട്രാസിനും ഭക്ഷ്യഅലര്‍ജിക്ക്‌ കാരണമാകാറുണ്ട്‌.
6. അലര്‍ജിയുള്ളവര്‍ ഒരിക്കലും ഡോക്‌ടറുടെ നിര്‍ദേശപ്രകാരമല്ലാതെ സ്വയം ചികിത്സ ചെയ്യരുത്‌. ഏതെങ്കിലും മരുന്ന്‌ കഴിക്കുമ്പോള്‍ ശരീരം ചൊറിഞ്ഞുതടിക്കുകയോ പനിയുണ്ടാകുകയോ ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയോ ചെയ്‌താല്‍ ഉടന്‍ ആശുപത്രിയില്‍ പോകണം.
7 അലര്‍ജിക്കുള്ള മരുന്നു കഴിക്കുമ്പോള്‍ ചിലര്‍ക്ക്‌ അമിതമായി ഉറക്കം വരാന്‍ സാധ്യതയുണ്ട്‌. അതു മനസിലാക്കിക്കൊണ്ട്‌ മരുന്നു കഴിച്ചാലുടന്‍ വാഹനം ഓടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അലര്‍ജിക്കുള്ള മരുന്നുകള്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം മാത്രമേ വാങ്ങിക്കഴിക്കാവൂ. മരുന്നുകള്‍ക്ക്‌ അലര്‍ജിയുള്ളവര്‍, ആശുപത്രിയിലെ കാര്‍ഡിനോടൊപ്പം എഴുതി സൂക്ഷിക്കുന്നതു നല്ലതാണ്‌. വീട്ടില്‍ ഒരംഗത്തിന്‌ മരുന്നിനോട്‌ അലര്‍ജി ഉണ്ടെങ്കില്‍ കുട്ടികള്‍ അടക്കം വീട്ടില്‍ എല്ലാവരും അതേക്കുറിച്ച്‌ അറിഞ്ഞിരിക്കണം.
8. കാലാവസ്ഥ മാറുന്ന അവസരങ്ങളില്‍ ചിലര്‍ക്ക്‌ അലര്‍ജി മൂലമുള്ള അസുഖങ്ങള്‍ ഉണ്ടാകാറുണ്ട്‌. അത്തരക്കാര്‍ വേനലിനു ശേഷം മഴക്കാലം തുടങ്ങുമ്പോഴും തണുപ്പുകാലം മാറി കടുത്ത ചൂടുകാലം ആരംഭിക്കുമ്പോഴും കഴിവതും ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക.
9. ആഹാരസാധനങ്ങള്‍ക്ക്‌ അലര്‍ജിയുള്ളവര്‍, ഏത്‌ ആഹാരം കഴിച്ചപ്പോഴാണ്‌ അലര്‍ജി ഉണ്ടായതെന്ന്‌ മനസിലാക്കേണ്ടതുണ്ട്‌. മറ്റു കാരണങ്ങളൊന്നുമില്ലാതെ, ത്വക്കില്‍ തടിപ്പുകളോ ചൊറിഞ്ഞു തടിക്കലോ വയറിളക്കമോ ഛര്‍ദിയോ ഉണ്ടായാല്‍ അന്നു കഴിച്ച ആഹാരസാധനങ്ങള്‍ ഒരു ബുക്കില്‍ കുറിച്ചിടുക. ഇതേ ആഹാരം കഴിക്കുന്ന മറ്റ്‌ അവസരങ്ങളിലും ഇതേ അസ്വസ്ഥതകള്‍ ഉണ്ടകുന്നുണ്ടെങ്കില്‍ നിങ്ങള്‍ത്ത്‌ അവ അലര്‍ജിയാണെന്നു മനസിലാക്കാം. അത്തരം ആഹാരപദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കുക.
10. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും അലര്‍ജിക്കുള്ള മരുന്നുകള്‍ കഴിക്കാതിരിക്കുന്നതാണ്‌ നല്ലത്‌. ഗര്‍ഭിണികള്‍ ഗര്‍ഭകാലത്തിന്റെ അവസാനത്തെ മൂന്നു മാസങ്ങളില്‍ അലര്‍ജിക്കുള്ള മരുന്നകള്‍ നിര്‍ബന്ധമായും ഒഴിവാക്കുക. മുലപ്പാലിലൂടെ കുഞ്ഞിന്റെ ശരീരത്തില്‍ മരുന്നിന്റെ അംശം എത്തിച്ചേരുവാന്‍ സാധ്യതയുള്ളതിനാലാണ്‌ ഇക്കാലത്ത്‌ അലര്‍ജിക്കുള്ള മരുന്നുകള്‍ കഴിക്കരുതെന്ന്‌ നിര്‍ദേശിക്കുന്നത്‌.