യുവതിയെ കൂട്ടബലാത്സംഗം ചെയ്തവരില്‍ സിപിഎം നഗരസഭാ കൗണ്‍സിലറും; വൈകീട്ട് മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സിപിഎം വടക്കാഞ്ചേരി നഗരസഭാ സൗണ്‍സിലര്‍ ജയന്തനുമെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. ജയന്തന്റെ സഹോദരന്‍ ജിനേഷ്, ബനീഷ്, ഷിബു എന്നിവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി വെളിപ്പെടുത്തി.
ഭാഗ്യലക്ഷ്മിയുടെ ഫേസ് ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് വിവാദമായ പീഡനക്കേസിലെ യുവതിയും ഭര്‍ത്താവും ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തിലാണ് പ്രതികളുടെ പേര്‍വിവരം വെളിപ്പെടുത്തിയത്. രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി പൊലീസ് തന്നെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കുകയായിരുന്നു എന്ന് യുവതി പറഞ്ഞു. കേസു നല്‍കിയപ്പോള്‍ പേരാമംഗലം എസ്‌ഐ വളരെ മോശമായി പെരുമാറി. രണ്ടുമക്കളെ വിചാരിച്ച് ഒതുങ്ങി ജീവിച്ചുപോകാനായിരുന്നു തീരുമാനം. തുടര്‍ച്ചയായ ഭീഷണികളും ശല്ല്യപ്പെടുത്തലുകളും തുടര്‍ന്നുകൊണ്ടിരുന്നു. പിന്നീടാണ് ഭാഗ്യലക്ഷ്മിയെ വിളിച്ച് വിവരങ്ങള്‍ പറഞ്ഞത്. ഭര്‍ത്താവിന്റെ സുഹൃത്തുക്കളായിരുന്നു ഇവര്‍. സമൂഹം ഇക്കാര്യങ്ങള്‍ അറിയണം എന്നുള്ളതുകൊണ്ടാണെന്ന് യുവതി വ്യക്തമാക്കി. പത്രസമ്മേളനത്തിനു ശേഷം ഇവര്‍ ഡിജിപിയെ കണ്ടു. വൈകീട്ട് നാലുമണിക്ക് മുഖ്യമന്ത്രിയെ കാണും. ഭാഗ്യലക്ഷ്മിയുടെ ഫേസ് ബുക്ക് പോസ്റ്റ് കണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സംഭവത്തില്‍ ഇടപെടുന്നത്. നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും ഭാഗ്യലക്ഷ്മി പറഞ്ഞു. 2014ലാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായതെന്ന് ഭാഗ്യലക്ഷ്മിയുടെ പോസ്റ്റിലുണ്ടായിരുന്നു. 2016ലാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ രാഷ്ട്രീയക്കാരുടെയും പൊലീസിന്റെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കേസ് പിന്നീട് പിന്‍വലിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. തൃശൂരിലെ വടക്കാഞ്ചേരിയിലായിരുന്നു സംഭവം