ചരിത്രം സൃഷ്ടിച്ച് പുലിമുരുകന്‍ 100 കോടി വാരി; നന്ദിപറഞ്ഞ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലയാള സിനിമയില്‍ ചരിത്രം കുറിച്ച് പുലിമുരുകന്‍. നൂറുകോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടം ഇനി പുലിമുരുകന്. മോഹന്‍ലാലും പിന്നണിപ്രവര്‍ത്തകരും ഇക്കാര്യം സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും നന്ദിപറഞ്ഞ് മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിട്ടു.
മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ കഴിഞ്ഞ മാസം ഏഴിനാണ് റിലീസ് ചെയ്തത്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചത്. ഇന്ന് ചിത്രം റിലീസായി ഒരു മാസം തികയുന്ന ഇന്ന് ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടം പിടിച്ചു. ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രത്തിന്റെ കളക്ഷന്‍ ഒരു ദിവസം പോലും പിന്നോട്ടുപോയിട്ടില്ല. ഒരു മാസത്തിനിടയില്‍ മലയാളത്തിലും ഇതര ഭാഷകളിലും നിരവധി ചിത്രങ്ങള്‍ വന്നെങ്കിലും ഒന്നും പുലിമുരുകന് വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല.ചിത്രത്തിന് ഇപ്പോഴും ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ് പലയിടത്തും. ഇതിനിടെ ഗള്‍ഫ് രാജ്യങ്ങളിലും യു.കെയിലും യൂറോപ്പിലും ചിത്രം റിലീസ് ചെയ്തു. ലോകത്തെല്ലായിടത്തുമായി ഒരു മാസം കൊണ്ട് നൂറുകോടി നേടിയെന്ന റെക്കോര്‍ഡാണ് പുലി മുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്.
ഗള്‍ഫില്‍ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തിന്റെ വ്യാജ പ്രിന്റ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പോലീസിന്റെയും അണിയറപ്രവര്‍ത്തകരുടെയും കരുതലോടെയുള്ള ഇടപെടലിലൂടെ പ്രശ്‌നം പരിഹരിച്ചു.