ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച വൈദികന് ഇരട്ടജീവപര്യന്തം

കൊച്ചി: നോര്‍ത്ത് പറവൂരില്‍ ഒമ്പതാംക്ലാസുകാരിയെ പീഡിപ്പിച്ച വൈദികന് ഇരട്ട ജീവപര്യന്തം. കോട്ടപ്പുറം രൂപതയിലെ വൈദികന്‍ എഡ്വിന്‍ ഫിഗാരസിനെയാണ് (42) കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചത്.
കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 14 കാരിയായ പെണ്‍കുട്ടിയെ പള്ളിമേടയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. വികാരിയെ ഒളിവില്‍ പോകാന്‍ സഹായിച്ച സഹോദരന്‍ സില്‍വസ്റ്റര്‍ ഫിഗറസിനും കോടതി ഒരു വര്‍ഷത്തെ ശിക്ഷ വിധിച്ചിട്ടുണ്ട്.
2015 മാര്‍ച്ചിലാണ് സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പുത്തന്‍വേലിക്കര പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തതോടെ ഫാ. എഡ്വിന്‍ ഒളിവില്‍പ്പോയി. ഇയാളെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച കുറ്റത്തിന് പൊലീസ് ബന്ധുക്കളെ അറസ്റ്റ്‌ചെയ്തതോടെ എഡ്വിന്‍ 2015 ഡിസംബര്‍ എട്ടിന് പൊലീസില്‍ കീഴടങ്ങി.
ഒളിവില്‍പ്പോകാന്‍ സഹായിച്ച സഹോദരന്മാരായ പതിശേരിയില്‍ സില്‍വസ്റ്റര്‍ ഫിഗറസ് (58), സ്റ്റാന്‍ലി ഫിഗറസ് (54), സഹോദരന്റെ മകന്‍ ബെഞ്ചമിന്‍ ഫിഗറസ് (22), ബന്ധു ക്‌ളാരന്‍സ് ഡിക്കോത്ത് (62), പുത്തന്‍വേലിക്കര സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ തൃശൂര്‍ മാള കളരിക്കന്‍ വീട്ടില്‍ അജിത എന്നിവരാണ് രണ്ടുമുതല്‍ ആറുവരെ പ്രതികള്‍. പെണ്‍കുട്ടി പീഡനത്തിനിരയായതായി പരിശോധനയില്‍ അറിഞ്ഞിട്ടും വിവരം മറച്ചുവച്ചതാണ് ഡോ. അജിതയ്‌ക്കെതിരായ കേസ്.