എബോളയ്‌ക്കെതിരേയുളള വാക്‌സിന്‍ ഫലപ്രദമെന്ന് ലോകാരോഗ്യസംഘടന

പാരീസ്: അത്യന്തം അപകടകാരിയായ എബോള വൈറസിനെതിരേയുളള വാക്‌സിന്‍ 100 ശതമാനം ഫലപ്രദമായേക്കുമെന്നു സൂചന. ഈ വാക്‌സിന്റെ ആദ്യ മാതൃക വിലയിരുത്തിയ ശേഷം ലോകാരോഗ്യസംഘടന വ്യക്തമാക്കിയതാണിത്.

വാക്‌സിന്‍ രോഗികളിലെത്തിക്കുന്നതിനായി അവശേഷിക്കുന്ന നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയായാല്‍ 2018 ഓടെ ഇത് വിപണിയില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നു കരുതുന്നു. ഇതിനായുളള ഫാസ്റ്റ് ട്രാക്ക് അപ്രൂവല്‍ പ്രോസസ് പുരോഗമിക്കുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഗിനിയിലെ 6,000ത്തോളം രോഗികളില്‍ ഈ മരുന്ന് പരീക്ഷിച്ചപ്പോള്‍ ഒരാള്‍ പോലും രോഗത്തെ അതിജീവിക്കാതിരുന്നില്ലെന്നതും ഡബ്ല്യു.എച്ച്.ഒ ചൂണ്ടിക്കാട്ടി. പരീക്ഷണം നടത്തിയ 6,000 പേരിലും മാരകമായ ഈ വൈറസ് ബാധ കുറഞ്ഞു വരുന്നതായും കണ്ടെത്തി.

നാല്‍പ്പതു വര്‍ഷത്തെ നിരന്തര പരീക്ഷണങ്ങള്‍ക്കൊടുവിലാണ് എബോളയ്‌ക്കെതിരേ ഇത്രയും ഫലപ്രദമായ ഒരു മരുന്ന് കണ്ടെത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.