‘ദംഗൽ’ പ്രദർശിപ്പിക്കുന്നതിന് ഹരിയാനയിൽ നികുതിയില്ല

ചണ്ഡീഗഡ്: ആമിർ ഖാൻ നായകനായ ബോളിവുഡ് ചിത്രം ‘ദംഗൽ’ പ്രദർശിപ്പിക്കുന്നതിന് ഹരിയാനയിൽ നികുതിയില്ല. ഗുസ്തിക്കാരനായ മഹാവീർ ഫോഗട്ടിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന് വിനോദ നികുതിയിൽ ഇളവു നൽകുമെന്ന് ഹരിയാന സർക്കാർ പ്രഖ്യാപിച്ചു. റോത്തക്കിൽ നടന്ന പൊതുചടങ്ങിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഉത്തർപ്രദേശിലും ചിത്രത്തിന്റെ നികുതി ഒഴിവാക്കിയിരുന്നു.

ഹരിയാന സ്വദേശിയായ മഹാവീറിന്റെ മക്കളായ ഗീത ഫോഗട്ട്, ബബിത ഫോഗട്ട് എന്നിവരും ഗുസ്തിക്കാരാണ്. ഫാത്തിമ ഷെയ്ക്ക്, സാന്യ മൽഹോത്ര എന്നിവരാണ് ഇവരുടെ റോളിൽ അഭിനയിക്കുന്നത്. ഇവരുടെ ജീവിത യാത്രയാണ് സിനിമ. നിതേഷ് തിവാരി സംവിധാനം ചെയ്ത ദംഗൽ 200 കോടിയോളം കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.