പുതുവർഷരാവിൽ ബംഗളുരുവിൽ സ്ത്രീകൾ കൂട്ടമായി അപമാനിക്കപ്പെട്ടു

ബംഗളുരു: പുതുവർഷരാവിൽ ബംഗളുരുവിൽ സ്ത്രീകൾ കൂട്ടമായി അപമാനിക്കപ്പെട്ടു. ബംഗളുരുവിലെ എംജി റോഡ്, ബ്രിഗ്രേഡ് റോഡ് എന്നിവിടങ്ങളിൽ നടന്ന പുതുവർഷാഘോഷ പരിപാടിക്കിടെയാണ് സ്ത്രീകൾക്കു പീഡനം നേരിട്ടത്. ആയിരക്കണക്കിന് ആളുകളാണ് പുതുവർഷം ആഘോഷിക്കുന്നതിനായി നഗരത്തിലെത്തിയത്. ബാംഗ്ലൂർ മിറർ പത്രത്തിന്റെ ഫോട്ടോഗ്രാഫർമാരാണ് സ്ത്രീകൾ അപമാനിക്കപ്പെടുന്നത് ചിത്രങ്ങൾ സഹിതം പുറത്തെത്തിച്ചത്.
അസഭ്യം പറഞ്ഞും സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിച്ചും ജനക്കൂട്ടം സ്ത്രീകളെ അക്രമിച്ചു. 1500ൽ അധികം പോലീസുകാർ സുരക്ഷയൊരുക്കുന്നതിനായി ഡ്യൂട്ടിയിലുള്ള അതേസമയമാണ് അക്രമങ്ങളുടെ പമ്പരയുണ്ടായതെന്നു ബാഗ്ലൂർ മിറർ റിപ്പോർട്ട് ചെയ്യുന്നു.
പല സ്ത്രീകളും പോലീസ് ഉദ്യോഗസ്‌ഥരോടു സഹായം തേടുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അക്രമികളിൽനിന്നു സ്ത്രീകളെ സംരക്ഷിക്കുന്നതിനായി ആൺസുഹൃത്തുക്കളും കുടുംബക്കാരും കഷ്‌ടപ്പെട്ടു. ഒടുവിൽ അക്രമികളെ പിരിച്ചുവിടുന്നതിനായി പോലീസിന് ലാത്തിച്ചാർജ് നടത്തേണ്ടിവന്നതായും റിപ്പോർട്ടുണ്ട്.

ബാംഗ്ലൂർ പോലീസിന് നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും മദ്യലഹരിയിൽ പല പുരുഷൻമാരും സ്ത്രീകളോട് മോശമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന് പോലീസ് ഉദ്യോഗസ്‌ഥർ സമ്മതിക്കുന്നു.