ബച്ചനെതിരായ വരുമാനകേസ് പുനരാരംഭിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം

 

ന്യൂഡല്‍ഹി: ബിഗ് ബി അമിതാഭ് ബച്ചനെതിരായ 2001 ലെ നികുതി സംബന്ധമായ കേസ് പുനരാരംഭിക്കാന്‍ ആദായനികുതിവകുപ്പിന് സുപ്രീംകോടതിയുടെ അനുമതി. കോന്‍ ബനേഗാ ക്രോര്‍പതി എന്ന ക്വിസ് പരിപാടിയുമായി ബന്ധപ്പെട്ടുള്ള ആദായ നികുതികേസാണിത്. നികുതി ഇളവു നല്‍കിക്കൊണ്ടുള്ള മുബൈ ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീംകോടതി നീക്കിയത്. ഹൈക്കോടതി ഉത്തരവിനെതിരേ ആദായനികുതി വകുപ്പ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നികുതിഇനത്തില്‍ 1.66 കോടിയാണ് ബച്ചന്‍ നല്‍കാനുള്ളതെന്ന് കാണിച്ചാണ് വകുപ്പ് സുപ്രീംകോടതിയെ സമീപിച്ചത്. 2001-02 കാലത്ത് ക്വിസ് പരിപാടി അവതരിപ്പിച്ചതിനുള്ള വരുമാനത്തിന്റെ നികുതിക്കണക്കാണിത്. ഈ പരിപാടിയില്‍ നിന്ന് 50.92 കോടിയാണ് ബച്ചന്റെ വരുമാനം. ഇതിന്റെ മുപ്പതുശതമാനം നികുതിയിളവ് ഹൈക്കോടതി അനുവദിച്ചിരുന്നു.